ന്യൂഡൽഹി: ജി 20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലേക്ക് രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 26-നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജി 20 യോഗം നടന്ന ഭാരത് മണ്ഡപത്തിലാണ് സർവകലാശാലാ കണക്റ്റ് ഫിനാലെയും നടക്കുക. സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം ഇന്ത്യയുടെ യുവശക്തിയെ ഒരുമിച്ച് കൊണ്ടുവന്നു. വർഷം മുഴുവനും നടക്കുന്ന ഈ സംരംഭം വിശ്വസിക്കാൻ സാധിക്കാത്ത വിധത്തിൽ മികച്ച ഫലങ്ങൾ നൽകി. ജി-20 സാഹോദര്യമായ ബന്ധം ഉറപ്പിച്ച് കൊണ്ട് നമ്മുടെ യുവാക്കൾ ഉയർന്നുവന്നത് എങ്ങനെയെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ ജി-20 ആതിഥേയത്വത്തെ കുറിച്ച് കൂടുതൽ അറിയാനും ഞങ്ങൾ പ്രവർത്തിച്ച വിഷയങ്ങൾ മനസിലാക്കാനും ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലൂടെ യുവാക്കൾക്ക് സാധിക്കും.
യുവാക്കളുടെ മനസിൽ കൂട്ടായ മനോഭാവം ജ്വലിപ്പിക്കാനും 2047-ഓടെ ഒരു വികസിത ഭാരതിന്റെ സജീവ പങ്കാളികളാകുന്നതിന് അവരെ സജ്ജമാക്കാനും ഇത് യുവാക്കളെ പ്രാപ്തരാക്കുന്നു. ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിന് കീഴിൽ നിരവധി പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ഇത്തരം പരിപാടികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
ജി 20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലൂടെ രാജ്യത്തിന്റെ യുവശക്തിയുടെ അനുഭവങ്ങൾ കേൾക്കാനും അതിൽ നിന്ന് ഉൾക്കാഴ്ചകൾ കണ്ടെത്താനും ഞങ്ങൾ ആകാംക്ഷയിലാണ്. അവരുടെ സമ്പന്നമായ യാത്ര നമ്മുടെ രാജ്യത്തെ യുവാക്കൾക്കിടയിൽ പ്രചോദനം ജ്വലിപ്പിക്കും. ഈ അതുല്യമായ ഉദ്യമത്തിൽ അണിചേരാൻ എല്ലാ യുവാക്കളോടും ഞാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.