പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് പന്തളം പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിുകയായിരുന്നു. ഉള്‍വനത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പിടികൂടിയത്.
രണ്ടു വര്‍ഷം മുന്‍പാണ് സമൂഹ മാദ്ധ്യമത്തിലൂടെ പതിനേഴുകാരിയുമായി പ്രതി സനൽ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാൽ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഭീഷണിയിലൂടെ പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഇത് എതിർത്തതോടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞതോടെ പ്രതി കുളത്തൂപ്പുഴ വനമേഖലയിലെ ഉള്‍ക്കാട്ടിൽ ഒളിവിലായിരുന്നു. ഇതറിഞ്ഞ പോലീസ് സംഘം ഡാലിചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി. പോലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഢവനത്തിനുള്ളില്‍ ഒളിക്കുകയും പിന്നീട് നഗരത്തിലെത്തിയ പ്രതി വാടകവീട്ടില്‍ അഭയം തേടുകയുമായിരുന്നു. പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിവരങ്ങൾ പ്രതി പറഞ്ഞു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.