കൊൽക്കത്ത: ട്രെയിൻ യാത്രികർക്ക് രക്ഷകനായി 12 വയസ്സുകാരൻ. പശ്ചിമ ബംഗാളിലാണ് വിവേകപൂർവമായ ഇടപെടലിലൂടെ വലിയ ഒരു ദുരന്തത്തിൽ നിന്നും ജനങ്ങളെ 12 വയസ്സുകാരൻ രക്ഷിച്ചത്. തന്റെ ചുവന്ന ടീ ഷർട്ട് പതാകയായി ഉപയോഗിച്ചു കൊണ്ടാണ് മുർസലീൻ ഷെയ്ഖ് എന്ന കുട്ടി ട്രെയിൻ അപകടം ഒഴിവാക്കിയത്. തകർന്ന റെയിൽവേ ട്രാക്കിലേയ്‌ക്ക് പാഞ്ഞു കയറുന്ന ട്രെയിനിന്റെ ലോകോ പൈലറ്റിന് അപകട മുന്നറിയിപ്പ് നൽകാൻ സ്വന്തം ടീ ഷർട്ട് ഊരുകയായിരുന്നു മുർസലീൻ.
പശ്ചിമ ബംഗാളിലെ മാൾഡയിൽ റെയിൽവേ യാർഡിന് സമീപം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുർസലീൻ ഷെയ്ഖ് ഒരു കുടിയേറ്റ തൊഴിലാളിയുടെ മകനാണ്. സംഭവസമയത്ത് മുസലിൻ ഏതാനും തൊഴിലാളികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു. യാർഡിന് സമീപമുള്ള റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം തകർന്നതും ഒരു പാസഞ്ചർ ട്രെയിൻ അവിടേയ്‌ക്ക് അതിവേഗം വരുന്നതും കുട്ടിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ തന്റെ ചുവന്ന ടീ ഷർട്ട് അഴിച്ച് എതിരെ വരുന്ന ഒരു ട്രെയിനിന് നേരെ വീശാൻ തുടങ്ങി.
ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ കണ്ട് എമർജൻസി ബ്രേക്ക് പിടിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു. കൃത്യസമയത്ത് വിവേകത്തോടെ പ്രവർത്തിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്ത് കുട്ടിയെ റെയിൽവേ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. റെയിൽവേ അധികൃതർ ധീരത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും കുട്ടിക്ക് നൽകി ആദരിച്ചു. പ്രാദേശിക പാർലമെന്റ് അംഗവും ഡിവിഷണൽ റെയിൽ മാനേജരും മുർസലീൻ ഷെയ്ഖിനെ വീട്ടിലെത്തി തന്നെ അഭിനന്ദിച്ചു. ട്രാക്കിന്റെ തകർന്ന ഭാഗം നന്നാക്കി യാത്ര പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.