ശ്രീനഗർ: കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്ത്രീകളടക്കം എട്ട് പേർ പിടിയിൽ. കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നാണ് ഭീകരവാദ സംഘത്തെ പിടികൂടിയത്.സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.
പിടിയിലായവരിൽ നിന്ന് പിസ്റ്റളുകളും, ഹാൻഡ് ഗ്രനേഡുകളും, വെടിക്കോപ്പുകളും കണ്ടെടുത്തു. കുപ്രസിദ്ധ ഭീകരൻ യാസിർ അഹമ്മദ് ഷായുടെ കൂട്ടാളികളാണ് പിടിയിലായവരെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യാസിർ അഹമ്മദ് ഷായുടെ അറസ്റ്റിന് പിന്നാലെയാണ് കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.
ഭീകരാക്രമണം തടയാനും അതിർത്തി കടന്നുള്ള ആയുധക്കടത്ത് കണ്ടെത്താനുമാണ് പോലീസും സൈന്യവും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ ഭീകര സംഘം പിടിയിലാകുകയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളോടും പ്രായപൂർത്തിയാകാത്തവരോടും യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അനന്ത്നാഗറിൽ ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.