തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും കോൺഗ്രസിന് ക്രെഡിറ്റ് കൊടുക്കാൻ ശ്രമിക്കുന്ന മാദ്ധ്യമങ്ങളെയും വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടുവന്നതും മുൻ മന്ത്രി എ.സി മൊയ്തീൻ അടക്കമുള്ളമുള്ളവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും വെളിപ്പെടുത്തിയത് ബിജെപിയാണ്. ഇഡി അന്വേഷണം ശക്തമാക്കിയതോടെ സംഭവത്തിൽ ക്രെഡിറ്റ് ഏറ്റെടുക്കാൻ അനിൽ അക്കരെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും എത്തി. ഇതിനെയാണ് കെ.സുരേന്ദ്രൻ പരിഹസിച്ചിരിക്കുന്നത്.
‘നമ്മുടെ ‘ചില’മലയാളം ചാനലുകളിലെ കരുവന്നൂർ ചർച്ച കണ്ടാൽ തോന്നും കരുവന്നൂർ തട്ടിപ്പിൽ ഇ.ഡി അന്വേഷണം വന്നതും കുറ്റവാളികൾ നിയമത്തിന്റെ വലയിൽ ആയതും അനിൽ അക്കരയും എൻ. വി. ബാലകൃഷ്ണനും ഉമേഷ് ബാബുവുമൊക്കെ കഠിനമായി പരിശ്രമിച്ചതുകൊണ്ടായിരിക്കുമെന്ന്. എട്ടുകാലി മമ്മൂഞ്ഞുകളെ വിളിച്ചിരുത്തി കോൺഗ്രസിനെ വെളുപ്പിക്കുന്നവർ യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ അഴിമതിക്കേസുകളിൽ കൂടി അന്വേഷണം വരുമ്പോൾ ഇവിടെയൊക്കെ തന്നെ കാണണം’- സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്. പി ആർ അരവിന്ദാക്ഷൻ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമാണ്. കേസിലെ മൂന്നാമത്തെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.