ഇടുക്കി: രാജസ്ഥാൻ സ്വദേശിയായ 35 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയിൽ വെച്ച് ബലാത്സംഗത്തിന് ഇരയാവുന്നത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് യുവാക്കൾ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവരാണ് 35-കാരിയെ ബലാത്സംഗം ചെയ്തത്. ഇവർ യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുക്കുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി 35 ലക്ഷം വിലമതിപ്പുള്ള സ്വർണം തട്ടുകയും ചെയ്തു. ഇതേ തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെടുന്നത്.
ഡിവൈഎസ്പി കുര്യാക്കോസ് കേസിൽ ഇടപ്പെട്ടതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. തെളിവുകൾ നശിപ്പിച്ച പ്രതികൾ ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നും ജൂൺ 15-നാണ് പ്രതികൾ പിടിയിലാവുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന വിവരം അറിയുന്നത്. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പിയുടെ ഇടപെടൽ കണ്ടെത്തിയത്.