വയനാട്: പനവല്ലിയിൽ ഒരു മാസത്തിലധികമായി നാട്ടുകാരെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി 8.15 ഓടെയാണ് വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കൂട്ടിലായ കടുവയെ മുത്തങ്ങയിലെ
കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
പനവല്ലി ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ചകൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലധികമായി അഞ്ച് കൂടും 30 സിസിടിവി ക്യാമറയുമായി കടുവ പിടിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ. തുടർന്ന് രണ്ടു ദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ശ്രമങ്ങളും അധികൃതർ നടത്തി. ഇതിനിടയിലാണ് കടുവ കൂട്ടിലായത്. മാസങ്ങളോളം തങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
അതേസമയം കടുവയെ മുത്തങ്ങിയിൽ എത്തിച്ച് ചികിത്സക്ക് ശേഷം കാട്ടിൽ തുറന്നു വിടാൻ ആയിരുന്നു തീരുമാനം. ഇതിനെതിരെ നാട്ടുകാർ രംഗത്ത് വരുകയും വനം വകുപ്പിന്റെ വാഹനങ്ങൾ തടയുകയും ചെയ്തു. തുടർന്ന് ചർച്ചകൾക്കൊടുവിൽ അർദ്ധരാത്രിയോടെ കടുവയെ വനം വകുപ്പ് സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.