പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കൾ മരിച്ചത് ഷോക്കേറ്റെന്ന് സൂചന. മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം സ്ഥലമുടമ തന്നെയാണ് പാടത്ത് കുഴിയെടുത്ത് മറവ് ചെയ്തത്. സംഭവത്തിൽ സ്ഥലമുടമ ആനന്ദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നും താനാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും സ്ഥലമുടമ പോലീസിനോട് സമ്മതിച്ചു.
ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെ പോലീസ് തിരഞ്ഞെത്തിയതറിഞ്ഞ് നാലുപേരും ബന്ധുവീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ഇരുവരും കസബ സ്റ്റേഷനിലെത്തി പരാതി നൽകി. അന്വേഷണം പുരോഗമിക്കവെ പരിസരത്തുള്ള പാടത്ത് മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. ഇതിനുള്ളിൽ നിന്ന് ഒരു കാല് കണ്ടെത്തുകയും ചെയ്തു.
സമീപത്തെ വീട്ടിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളും പാടത്തേയ്‌ക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ യുവാവാക്കൾ തിരിച്ച് വരുന്നതിന്റെ സൂചനകളൊന്നും ഇല്ലാതെ വന്നതോടെയാണ് മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതാണെന്ന നിഗമനത്തിലേയ്‌ക്ക് പോലീസ് എത്തിയത്. മൃതദേഹങ്ങൾ ഇന്ന് രാവിലെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയയ്‌ക്കും. തുടർന്ന് മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളെന്ന് പോലീസ് അറിയിച്ചു.