തൃശൂർ : തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഇഡി. ബാങ്ക് സെക്രട്ടറി എൻ.ബി. ബിനുവിനെ ഇഡി വീണ്ടും ചോദ്യം ചെയ്തുവരികയാണ്. തൃശൂർ സഹകരണ ബാങ്കിലെ പണമിടപാടുകളുടെ വിശദാംശങ്ങൾ തേടിയാണ് ബാങ്ക് സെക്രട്ടറി ബിനുവിനെ തുടർച്ചയായി ചോദ്യം ചെയ്യുന്നത്. സെപ്റ്റംബർ 19-ന് ഇഡി ആവശ്യപ്പെട്ട രേഖകളുമായി ഹാജരായ ബിനുവിനെ തുടർന്നുള്ള ദിവസങ്ങളിലും ചോദ്യം ചെയ്തിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണനെ ഇഡി വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും.
എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്ക് വഴി അറസ്റ്റിലായ പി. സതീഷ് കുമാർ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. തൃശൂർ സഹകരണ ബാങ്ക് വഴിയാണ് സതീഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. ബിനാമി പേരുകളിലും പി. സതീഷ് കുമാറിന് തൃശൂർ ബാങ്കിൽ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് കോടികളെത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ തൃശൂർ സഹകരണ ബാങ്കിലേക്കായിരുന്നു സതീഷ് കുമാർ മാറ്റിയത്. ഇത് എം.കെ കണ്ണന്റെ നിർദ്ദേശപ്രകാരമാണ്.
പി. സതീഷ്കുമാറിന്റെ ഭാര്യ ബിന്ദു വീണ്ടും ഇഡിയ്ക്ക് മുൻപിൽ ഹാജരായി. ബിന്ദുവിനെ ഇഡി ചോദ്യം ചെയ്യുകയാണ്. സതീഷ് കുമാർ ഭാര്യയുടെയും, മക്കളുടെയും പേരിലും നിക്ഷേപങ്ങൾ നടത്തിയതായും, ഭൂമിയിടപാടുകൾ നടത്തിയതായും കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയാണ് ചോദ്യം ചെയ്യൽ. സതീഷിന്റെ സഹോദരൻ ശ്രീജിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എം.കെ. കണ്ണനെ ചോദ്യം ചെയ്ത ദിവസം ശ്രീജിത്തും ഹാജരായിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് സനൽകുമാറും ചോദ്യം ചെയ്യലിന് ഹാജരായി.