തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സഹായം നൽകി ഉദ്യാഗസ്ഥർ. കൊലക്കേസ് പ്രതിയിൽ നിന്നും പിടികൂടിയ മൊബൈൽ കേന്ദ്രീകരിച്ച് പൂജപ്പുര പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ ഒത്താശ പുറംലോകം അറിഞ്ഞത്. സഹായം നൽകിയതിന് പ്രതിഫലമായി തടവുകാരിൽ നിന്നും പണം വാങ്ങിയെന്നും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പൂജപ്പുര ജയിലിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ സിംകാർഡോടുകൂടി മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഉപയോഗിക്കുന്നത് കൊലക്കേസ് പ്രതി റിയാസാണെന്ന് കണ്ടെത്തി. ഫോണിൽ വന്നിരിക്കുന്ന 43 കോളിൽ മൂന്നെണ്ണം ജയിൽ സൂപ്രണ്ടിന്റെതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പൂജപ്പുര പോലീസ് ചോദ്യം ചെയ്തത്.
മൊബൈൽ റീചാർജ്ജ് ചെയ്യാനും ബാറ്ററി ചാർജ്ജ് ചെയ്യാനും തടവുകാരെ ജോലിക്കായി പുറത്തിറക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാൻ ഒത്താശ ചെയ്തുവെന്നും ചോദ്യം ചെയ്യലിൽ സൂപ്രണ്ട് സമ്മതിച്ചു. ഇതിന് പ്രതിഫലമായി തടവുകാരുടെ ബന്ധുക്കളുടെ അക്കൗണ്ടിൽ നിന്നും സന്തോഷിൻെറ ഭാര്യയുടെ അക്കൗണ്ടിലേക്ക് 69,000രൂപയും കൈമാറായതായി കണ്ടെത്തി. ജയിൽ ശിക്ഷ അനുഭവിക്കുന്ന റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. മൊബൈൽ കൂടാതെ ലഹരിവസ്തുക്കൾ ജയിലേക്ക് കടത്താനും ഉദ്യോഗസ്ഥ സഹായം തടവുകാർക്ക് ലഭിക്കുന്നതായും ആരോപണങ്ങളുണ്ട്.