വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനെ ഇഡി അറസ്റ്റ് ചെയ്തു. സജീവൻ കൊല്ലപ്പള്ളിയെയാണ് അറസ്റ്റ് ചെയ്തത്. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ സജീവനെ മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ബാങ്കിനെ മറയാക്കി കോടികൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാവും കെപിസിസി മുൻ ഭാരവാഹിയുമായ കെകെ എബ്രഹാമാണ് ഒന്നാം പ്രതി. പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമുൾപ്പെടെ പത്ത് പേരാണ് പ്രതികൾ.
വായ്പ തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ പുൽപ്പള്ളി ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വിജിലൻസ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്ന് 80000 രൂപ മാത്രമാണ് രാജേന്ദ്രൻ നായർ വായ്പ എടുത്തിരുന്നത്. എന്നാൽ 25 ലക്ഷം രൂപ വായ്പ എടുത്തുവെന്നാണ് തട്ടിപ്പുകാർ ആരോപിച്ചത്.
വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും ഉണ്ടായിരുന്നു. 40 ലക്ഷം രൂപ വായ്പാ കുടിശികയുള്ളതായി തട്ടിപ്പുകാർ വരുത്തി തീർത്തു. തുടർന്നുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നു രാജേന്ദ്രൻ ജീവനൊടുക്കിയത്.