തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. മുൻവർഷങ്ങളെക്കാൾ കൂടുതലാണ് നിവിലെ കണക്കുകൾ. കഴിഞ്ഞ നാല് മാസത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 40000 ഹൃദ്രോഗികളെയാണ് ഒപിയിൽ മാത്രം എത്തുന്നത്.
400-ഓളം ആൻജിയോ പ്ലാസ്റ്റികളാണ് മിക്ക ആശുപത്രികളിലും നടക്കുന്നത്. ഇതിൽ 200 ശസ്ത്രക്രിയകളും അടിയന്തര സാഹചര്യത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടി വരുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ കെ ശിവപ്രസാദ് പറയുന്നു. രണ്ടു മുതൽ നാല് ശതമാനം വരെ ഹൃദ്രോഗികളാണ് മരണപ്പെടുന്നത്. ഇതോടെ ഹൃദ്രോഗികളുടെ മരണ നിരക്കും വർദ്ധിച്ചിരിക്കുകയാണ്.
അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് ലോക ഹൃദയദിനമായ നാളെ വിവിധ ബോധവത്ക്കരണ പരിപാടികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്.