ന്യൂയോര്‍ക്ക്: അമേരിക്കയിൽ യുവ സംരംഭക ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ. ഡാറ്റാ ക്യൂറേറ്റിംഗ് കമ്പനിയായ ഇക്കോമാപ്പ് ടെക്നോളജീസിന്റെ സഹസ്ഥാപക പാവ ലാപെറെ (26) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11:30 ഓടെ ബാള്‍ട്ടിമോര്‍ പോലീസ് മൗണ്ട് വെര്‍ണോണ്‍ പരിസരത്തുള്ള അപ്പാര്‍ട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 32 കാരനായ ജെയ്സണ്‍ ഡീന്‍ ബില്ലിംഗ്സ്ലി എന്നയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളെ അപകടകാരിയായി കണക്കാക്കണമെന്ന് ആക്ടിംഗ് പോലീസ് കമ്മീഷണര്‍ റിച്ചാര്‍ഡ് വോര്‍ലി മുന്നറിയിപ്പ് നല്കി. പാവ ലാപെറെയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി ഈ വര്‍ഷം ഫോബ്സിന്റെ ഫോബ്സ് അണ്ടര്‍ 30 പട്ടികയില്‍ ഇടംപിടിച്ചിരുന്നു.