ന്യൂഡൽഹി: ക്യാൻസറിനുള്ള 90 മരുന്നുകൾ ഭാരതത്തിൽ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ‘സഞ്ജീവനി: യുണൈറ്റഡ് എഗെയ്ൻസ്റ്റ് ക്യാൻസർ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസറിനുള്ള 42 തരം മരുന്നുകൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കാൻസർ ആശുപത്രികളുടെയും തൃതീയ പരിചരണ സൗകര്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ്. ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ സമീപനം സമഗ്രമാണ്. എംബിബിഎസും ബിരുദാനന്തര മെഡിക്കൽ സീറ്റുകളും കോളേജുകളും വർദ്ധിപ്പിക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വിഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ജനറ്റിക് മരുന്നുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിന്റെ ഫാർമസിയാണെന്നും മാണ്ഡവ്യ പറഞ്ഞു.
കാലത്തിനനുസരിച്ച്, രോഗങ്ങളുടെ രീതി മാറുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയിൽ സമഗ്രമായ സമീപനം ഉണ്ടാകേണ്ടത് പ്രധാനമാണ്. മാത്രമല്ല ആരോഗ്യം ഒരിക്കലും ഒരു രാഷ്ട്രീയ വിഷയമാവുകയുമില്ല. കൂടാതെ, 2014ൽ ആരോഗ്യ മേഖലയെ നമ്മൾ വികസനവുമായി ലയിപ്പിച്ചു. കൂടുതൽ ഡിസ്പെൻസറികൾ തുറന്ന്, ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ സർക്കാർ ശ്രദ്ധ നൽകി. സഞ്ജീവനിയുടെ പ്രധാന ലക്ഷ്യം അവബോധം പ്രോത്സാഹിപ്പിക്കുക, നിശബ്ദ കാൻസർ, പകർച്ചവ്യാധികൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുക, രോഗവുമായി ബന്ധപ്പെട്ട പൊതുവായ ഭയം പരിഹരിക്കുക എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജീവനി കൂടുതൽ ചർച്ചകൾക്കും ആലോചനകൾക്കും വഴിയൊരുക്കും. പൊതുപങ്കാളിത്തം ഇന്ത്യയുടെ ആരോഗ്യ മാതൃകയിൽ അവിഭാജ്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കാൻസർ പരിചരണത്തോടുള്ള സർക്കാരിന്റെ സമീപനം, ജില്ലാതല ആശുപത്രികളിലെ ആരോഗ്യ പരിശോധനകൾക്ക് ഊന്നൽ നൽകൽ, ദരിദ്രരായ രോഗികൾക്ക് ഫീസ് ഇളവ് ചെയ്യൽ എന്നിവയെക്കുറിച്ചും മാണ്ഡവ്യ ചർച്ച ചെയ്തു. കൂടാതെ ക്യാൻസർ മരുന്നുകൾ ലാഭേച്ഛയില്ലാത്ത വിലയിൽ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.