മുംബൈ: അങ്കിൾ എന്ന പേരിൽ അറിയപ്പെടുന്ന കൊടും ഭീകരൻ ജാവേദ് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത തകർക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ കൈവശം വെക്കുകയും കൈമാറ്റം ചെയ്തതായും എൻഐഎ കണ്ടെത്തി. ജാവേദ് ഉൾപ്പെടെ നാല് പേർക്കെതിരെ മുംബൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
റിയാസ് ഷിക്കിൽക്കർ, മുഹമ്മദ് ഫയാസ് ഫിക്കിൽക്കർ, നാസിർ ചൗധരി എന്നിവരെ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം (യുഎപിഎ), ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എൻഐഎ കേസെടുത്തത്. റിയാസ് ഷിക്കിൽക്കറിൽ നിന്ന് 2000 രൂപയുടെ 149 വ്യജ ഇന്ത്യൻ കറൻസി പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേരും അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രലിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 2023 മേയിൽ അനധികൃത ആയുധങ്ങൾ കൈവശം വെച്ചതിന് ഫയാസിനെ അറസ്റ്റ് ചെയ്തിരുന്നു. ‘അങ്കിൾ’ എന്ന ജാവേദ് പട്ടേലുമായി ഫയാസ് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും ഇന്ത്യയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത തകർക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു.