തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യംചെയ്യൽ തുടരുന്നു. കരുവന്നൂർ ബാങ്കിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് സനൽകുമാർ ഇഡി ഓഫീസിൽ ഹാജരായി. ഇന്നലെയും സനൽ കുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻ, സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെയും ഇഡി ചോദ്യചെയ്ത് വരികയാണ്. കഴിഞ്ഞദിവസം വൈകീട്ടാണ് ഇവരെ ഇഡിയ്‌ക്ക് കസ്റ്റഡിയിൽ ലഭിച്ചത്.
പി.ആർ. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിലുള്ള രണ്ട് സ്ഥിരനിക്ഷേപ അക്കൗണ്ടിലുള്ള പണം എങ്ങനെ ലഭിച്ചു എന്നതടകമുള്ള കാര്യങ്ങൾ ഇഡി പരിശോധിക്കുന്നുണ്ട്. ഈ പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ അരവിന്ദാക്ഷന് കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിലുള്ള പ്രതികൾക്ക് പുറമെ മറ്റുള്ളവരെയും ഇഡി ചോദ്യചെയ്യുന്നുണ്ട്.
അതേസമയം പി.ആർ അരവിന്ദാക്ഷന്റെ അഭിഭാഷകനും ഇഡി ഓഫീസിൽ എത്തിയിരുന്നു. കസ്റ്റഡി കാലയളവിൽ പ്രതികൾക്ക് അഭിഭാഷകനുമായും കുടുംബാംഗങ്ങളുമായും കുടിക്കാഴ്ച നടത്താൻ കോടതി അനുമതി നൽകിയിരുന്നു. അരവിന്ദാക്ഷന്റെയും ജിൽസിന്റെയും കസ്റ്റഡി ഇന്ന് അവസാനിക്കും.