ചെന്നൈ: അവസാനം വരെ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് തന്റെ പിതാവെന്ന് എം.എസ്. സ്വാമിനാഥന്റെ മകൾ സൗമ്യ സ്വാമിനാഥൻ. കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. എന്നാലും അവസാനം വരെ കർഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചുവെന്നും മകൾ പറഞ്ഞു.
‘കാർഷിക മേഖലയിൽ സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് തന്റെ പിതാവ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പങ്ക് ചേർന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. അദ്ദേഹം കാണിച്ചുതന്ന പാഠങ്ങൾ പിന്തുടർന്ന് ഞങ്ങൾ ജീവിക്കും. സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപാട് പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിരുന്നു. സ്ത്രീ കർഷകരെ സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെ മഹിളാ സശക്തികരൺ യോജന പോലെയുള്ള നിരവധി പദ്ധതികൾ കൊണ്ടുവന്നു’. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു എംഎസ് സ്വാമിനാഥന്റെ അന്ത്യം. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആൽബർട്ട് ഐൻസ്റ്റൈൻ വേൾഡ് സയൻസ് അവാർഡ്, ഫസ്റ്റ് വേൾഡ് ഫുഡ് പ്രൈസ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ ബഹുമതികളും എംഎസ് സ്വാമിനാഥന് ലഭിച്ചിട്ടുണ്ട്.