കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങൾ ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. ടെലിവിഷൻ പ്രക്ഷേപണത്തിനപ്പുറം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി-സിസ്റ്റം ഓപ്പറേറ്റർ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള പുതിയ നടപടി ക്രമം അവതരിപ്പിച്ചു.
പുതിയ ഭേദഗതി പ്രകാരം, എംഎസ്ഒകൾ പുതിയ രജിസ്‌ട്രേഷനും പുതുക്കലിനുമായി എംഐബിയുടെ ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. പത്ത് വർഷ കാലവധിയാണ് എംഎസ്ഒ രജിസ്‌ട്രേഷനുകൾക്കുള്ളത്. 1000 രൂപയാണ് ഇതിനുള്ള പ്രോസസ്സിംഗ് ഫീസ്. രജിസ്‌ട്രേഷൻ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുൻപായി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കോ സംശയങ്ങൾക്കോ [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
കേബിൾ ഓപ്പറേറ്റർമാർക്ക് തടസമില്ലാതെ സേവനങ്ങൾ തുടരുന്നതിനും എളുപ്പത്തിൽ വ്യാപാരം നടത്താനുമുള്ള സർക്കാരിന്റെ പ്രതിബന്ധതയ്‌ക്ക് അനുസൃതമായാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്ന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കി. 1994-ലെ നിയമപ്രകാരം പുതിയ എംഎസ്ഒ രജിസ്ര്‌ടേഷനുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. ഓൺലൈനായി ഇവ അംഗീകരിച്ചിരുന്നില്ല.