ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗൗരിഗഞ്ച് പോലീസാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് കേശവ് സിംഗിന്റെ പരാതിയിലാണ് നടപടി.
സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരെ ദീപക് സിംഗ് രണ്ട് ദിവസത്തെ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. ഇതിനിടെയാണ് ദീപക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അപമാനിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയായിരുന്നു ബിജെപി നേതാവ് കേശവ് സിംഗ് പോലീസിൽ പരാതി നൽകിയത്.
അതേസമയം ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്ന് ഈ മാസം 17-നായിരുന്നു സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഹർജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ മൂന്നിന് ഹർജി കോടതി പരിഗണിക്കും.