ബെംഗളുരു: കാവേരി നദിയിൽ നിന്നും തമിഴ്നാടിന് അധികമായി ജലം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ തീവ്ര കന്നഡ സംഘടനകൾ നടത്തുന്ന കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ. ശിവരാജ് കുമാർ, ധ്രുവ് സർജ എന്നിവർ ബെംഗളുരുവിൽ ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. കന്നഡ സിനിമ പ്രവർത്തകരുടെ സംഘടനയായ കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്സും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കന്നഡ സിനിമ വിതരണക്കാരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ അടച്ചിടും. സിനിമ സംഘടന കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്സും ബെംഗളുരു ഗാന്ധിനഗറിൽ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്. ഇതിൽ സിനിമ താരങ്ങൾ പങ്കെടുക്കും. യഷ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ ആയതിനാൽ സമരത്തിൽ പങ്കെടുക്കില്ല. കിച്ച സൂധീപ് അടക്കമുള്ള താരങ്ങൾ സമരത്തിന് പിന്തുണ അറിയിച്ച് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബെംഗളുരുവിൽ നടന്ന സിനിമ പ്രൊമോഷൻ പരിപാടിയിൽ നിന്നും തമിഴ് താരം സിദ്ധാർത്ഥിനെ പ്രക്ഷോഭകർ ഇരക്കിവിട്ടിരുന്നു. പരിപാടിയിലേക്ക് അതിക്രമിച്ച കയറിയ തീവ്ര കന്നഡ സംഘടന പ്രവർത്തകർ സിദ്ധാർത്ഥിനോട് വേദി വിടാൻ ആവശ്യപ്പെടുകയായിരുന്നു. ചിത്ത എന്ന സിനിമയുടെ പ്രൊമേഷനായി എത്തിയതായിരുന്നു താരം. മലയാളി നടി നിമിഷ സജയനാണ് ചിത്രത്തിലെ നായിക.