കോട്ടയം: നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. റോബിൻ ജോർജിന്റെ പിതാവിനെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതി തമിഴ്‌നാട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
ഡെൽറ്റ കെ 9 എന്ന പേരിലുള്ള പരിശീലനകേന്ദ്രത്തിന്റെ മറവിൽ റോബിൻ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. 17.8 കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയിരുന്നു. പോലീസിനെ കണ്ടതോടെ നായ്‌ക്കളെ അഴിച്ചുവിട്ട ശേഷം പ്രതി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
കുടമാളൂരിന് സമീപം ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും റോബിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പോലീസ് കാവൽ നിൽക്കുന്ന കേന്ദ്രത്തിൽ അതിക്രമിച്ചുകയറിയ മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.
കഴിഞ്ഞ കുറച്ച് കാലമായി റോബിൽ ഈ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിവരുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് സംഘമെത്തുമ്പോൾ നായ്‌ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ പതിവ്. മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും പോലീസും കുറച്ചുദിവസമായി അന്വേഷണം നടത്തിവരികയായിന്നു. തുടർന്നാണ് കോടതിയുടെ അനുമതി വാങ്ങിയ ശേഷം പരിശോധന നടത്തിയത്.