ഓസ്ലോ: കമ്മൽ കണ്ടെത്തുന്നതിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കിട്ടിയത് ഞെട്ടിക്കുന്ന സമ്മാനം. നോർവേയിൽ ജോംഫ്രൂട്ട് ലാൻഡിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് കാണാതെ പോയ കമ്മലിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയത്. പരിശോധനയിൽ 1000 വർഷം പഴക്കമുള്ള പുരാവസ്തുക്കളാണ് കുടുംബത്തിന് ലഭിച്ചത്.
ഒരുപാട് നേരം നോക്കിയിട്ടും കാണാതായ കമ്മൽ കിട്ടാത്തതിനെ തുടർന്നാണ് മെറ്റൽ ഡിറ്റക്ടർ മാർഗം സ്വീകരിച്ചത്. വീട്ടു പരിസരത്ത് പരിശോധിച്ച ശേഷം പൂന്തോട്ടത്തിലേക്ക് പോയതോടെ മെറ്റൽ ഡിറ്റക്ടർ സിഗ്നലുകൾ നൽകാൻ തുടങ്ങി. പുന്തോട്ടം മുഴുവൻ തിരഞ്ഞിട്ടും യാതൊന്നും ലഭിക്കാതിരുന്നതിനാൽ മണ്ണ് മാറ്റുകയും കുഴിച്ച് നോക്കുകയും ചെയ്തു. തുടർന്നാണ് ആയിരത്തോളം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്. വൈക്കിംഗ് കാലഘട്ടത്തിലെ സംസ്കാരത്തിന് ഉപയോഗിക്കുന്ന ആഭരണങ്ങളാണ് മണ്ണിനടിയിൽ നിന്ന് ലഭിച്ചത്. കണ്ടെത്തിയ ആഭരണങ്ങൾക്ക് നൂറ്റാണ്ടോളം വർഷം പഴക്കമുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി.
9-ാം നൂറ്റാണ്ടിലെ സ്ത്രീകളുടെ ആഭരണങ്ങളാണ് കണ്ടെത്തിയതെന്ന് വിദഗ്ധർ പറഞ്ഞു. ജോംഫ്രൂട്ട് മേഖലകളിൽ നൂറോളം വർഷം പഴക്കമുള്ള പല വസ്തുക്കളും ഉള്ളതായി വിദഗ്ധർ നേരത്തെ അറിയിച്ചിട്ടുണ്ട്. കണ്ടെത്തിയ ആഭരണങ്ങൾ കുടുംബം പുരാവസ്തു ഗവേഷകർക്ക് കൈമാറി. വെസ്റ്റ്ഫോൾഡ് ടെലിമാർക്ക് കൗണ്ടി കൗൺസിലിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.