കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് വിവിധഭാഷ തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശി ജൽ ഹക്ക്, പശ്ചിമബംഗാൾ സ്വദേശി അക്ബർ എസ് കെ എന്നിവരാണ് അറസ്റ്റിലായത്.തലയോലപ്പറമ്പിന് സമീപം വരിക്കാം കുന്ന്നീർപ്പാറയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
എക്സൈസ് സംഘം സംഭവ സ്ഥലത്തെത്തുമ്പോൾ പ്രതികൾ കഞ്ചാവ് സഞ്ചികളിലാക്കി കൈമാറാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ ചിതറിയോടിയ പ്രതികളെ പിന്നാലെ എത്തി പിടികൂടുകയായിരുന്നു. പ്രതികളുടെ മൊബൈൽ ഫോണും കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 8,155 രൂപയും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.