ജയിലറിന്റെ ആഘോഷങ്ങൾ മലയാളികളിൽ കെട്ടടങ്ങാതെ നിൽക്കുമ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് സിനിമാ ലോകത്തിൽ നിന്നും ഇപ്പോൾ വരുന്നത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സ്റ്റൈൽ മന്നൻ രജനികാന്ത് 10 ദിവസം തലസ്ഥാനത്തുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇതാദ്യമായാണ് തലൈവരുടെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ശംഖുമുഖത്തും, വെള്ളായണി കാർഷിക കോളേജിലുമായാണ് ചിത്രീകരണം നടക്കുക. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വൻ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ‘തലൈവർ 170’ എന്നാണ് ചിത്രത്തിനു താത്കാലികമായി ഇട്ടിരിക്കുന്ന പേര്. ലൈക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ ജ്ഞാനവേലാണ്. ജയ് ഭീം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേഷക പ്രീതി നേടിയ സംവിധായകനാണ് അദ്ദേഹം.
സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് രജനി എത്തുന്നതെന്നുള്ള സൂചനകളുണ്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. നാഗർ കോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ വരവു സംബന്ധിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ സ്ഥിരീകണമുണമുണ്ടാകും.
അതേസമയം രജനകാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ഇതിൽ അതിഥി വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.