ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ കോച്ച് പണിപ്പുരയിലെന്ന് ഇന്ത്യൻ റെയിൽവേ. പുത്തൻ ഡിസൈനിൽ സ്ലീപ്പർ ട്രെയിനുകൾ വരുന്ന ഫെബ്രുവരിയിൽ ഇറങ്ങുമെന്നാണ് വിവരം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും ചേർന്നാകും ഇതിന്റെ രൂപകൽപ്പന.
നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകൾ പകൽ സമയങ്ങളിലാണ് അധികവും സർവീസ് നടത്തുന്നത്. എന്നാൽ വന്ദേ ഭാരത് സ്ലീപ്പറുകൾ പുറത്തിറങ്ങുന്നതോടെ ഒറ്റരാത്രി കൊണ്ട് ദീർഘദൂരം സഞ്ചരിക്കാനാകും. പുരോഗമനപരവും സ്വയംപര്യാപ്തവുമായ ഇന്ത്യയുടെ പ്രതീകമാണ് തദ്ദേശീയമായി വികസിപ്പിച്ച സെമി ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് ട്രെയിൻ. വേഗത, സുരക്ഷ, സേവനം എന്നിവയാണ് ട്രെയിനിന്റെ മുഖമുദ്ര.
2019 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിച്ചത്. ന്യൂഡൽഹിക്കും വരാണാസിക്കുമിടയിലുള്ള ആദ്യത്തെ വന്ദേ ഭാരത് പ്രധാനമന്ത്രിയായിരുന്നു രാജ്യത്തിന് സമർപ്പിച്ചത്. 2017 മുതലാണ് സെമി-ഹൈ-സ്പീഡ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ പദ്ധതിയിട്ടത്. 18 മാസത്തിനിപ്പുറം 18 ട്രെയിനുകൾ പൂർത്തിയാക്കാൻ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കായി.