കൊല്ലം: ബെവ്കോ ഔട്ട്ലെറ്റിൽ വൻ മോഷണം. 32 കുപ്പി മദ്യവും ഒരു കുപ്പി വൈനും ആണ് മോഷണം പോയത്. കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. പണം നഷ്ടമായിട്ടില്ല. ഔട്ട്ലെറ്റിന്റെ മുൻവശത്തെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഘം ചേർന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പുലർച്ചെ രണ്ടര മണിയ്ക്ക് ഔട്ട്ലെറ്റ് പരിസരത്തെത്തി സംഘം അഞ്ചു മണിവരെ സ്ഥലത്തുണ്ടായിരുന്നു. മോഷണത്തിന് പിന്നിൽ വിവിധ ഭാഷ തൊഴിലാളികളാണെന്നാണ് പോലീസിന്റെ നിഗമനം.
മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേർ ഔട്ട്ലെറ്റിലെ സിസിടിവികൾ തകർത്തതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രധാന ക്യാമറ തകർക്കാൻ ശ്രമിച്ചെങ്കിലും സംഘത്തിന് അത് സാധിച്ചില്ല. അലമാരയിൽ സൂക്ഷിച്ച ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഗോഡൗണിലെ ജീവനക്കാരാണ് രാവിലെ ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ടത്. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.