തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ നിർമ്മാണത്തിലിരിക്കെ രണ്ടു നില വീട് തകർന്ന് വീണു. അപകടത്തിൽ വീട്ടുടമസ്ഥനും നിർമ്മാണ തൊഴിലാളികളും ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. പന്തല്ലൂർ സ്വദേശി അഭിലാഷിന്റെ വീടാണ് തകർന്ന് വീണത്. അപകട സമയത്ത് വീട്ടുടമസ്ഥനും 15-ഓളം പണിക്കാരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആയിരുന്നു. ഈ സമയത്ത് ഒന്നാം നിലയിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
മാസങ്ങൾക്കു മുൻപാണ് അഭിലാഷ് വീടിന്റെ പണികൾ ആരംഭിച്ചത്. വീടിന്റെ രണ്ടാം നിലയുടെ കോൺക്രീറ്റിംഗ് പണികൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വീട് പൂർണമായും നിലം പതിച്ചത്. വീടിന്റെ പിൻഭാഗത്തെ തറഭാഗം തകർന്നാണ് വീട് പൂർണമായും നിലം പതിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.