ലക്നൗ : ഗുണ്ടാ-രാഷ്ട്രീയ നേതാവായ മുഖ്താർ അൻസാരിയുടെ 12 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടി യുപി സർക്കാർ . ലക്നൗ ആദായനികുതി വകുപ്പിന്റെ ബിനാമി ആസ്തി അന്വേഷണ വിഭാഗം നടത്തുന്ന ‘ഓപ്പറേഷൻ പാന്തർ’ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
രേഖകളിൽ ലക്നൗവിലെ ദാലിബാഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഭൂമി തൻവീർ സഹർ എന്ന സ്ത്രീയുടേതാണ്. എന്നാൽ യുവതിയ്ക്ക് , സ്വന്തമായി ഒരു വരുമാന മാർഗ്ഗവുമില്ല, കുടുംബത്തിലെ ഏക വരുമാനക്കാരനായ ഭർത്താവിന് പ്രതിമാസം 20,000 രൂപയാണ് ശമ്പളം . ഇതേ വസ്തു മുഖ്താർ അൻസാരിയുടെ സഹായി ഗണേഷ് ദത്ത് മിശ്ര 1.6 കോടി രൂപ വായ്പയ്ക്കായി ബാങ്കിൽ പണയപ്പെടുത്തിയതായി ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ലോൺ മുഴുവനായും അടക്കുകയും തുടർന്ന് വസ്തു തൻവീർ സഹറിന് കൈമാറുകയും ചെയ്തു.
എന്നാൽ വസ്തു മുഖ്താർ അൻസാരിയുടെ ഭാര്യ അഫ്ഷ അൻസാരിയുടെതാണെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, മുഖ്താർ അൻസാരിയുടെ ഭാര്യാസഹോദരൻ ആതിഫ് റാസയാണ് സ്വത്ത് കൈമാറ്റവും മറ്റ് ഇടപാടുകളും നടത്തിയതെന്ന് ഗണേഷ് മിശ്ര ആദായനികുതി വകുപ്പിനോട് പറഞ്ഞു. അൻസാരി കുടുംബത്തിന്റെ സാമ്പത്തികവും സ്വത്തുക്കളും കൈകാര്യം ചെയ്തത് റാസയാണെന്നും തൻവീർ സഹറിന് സ്വത്ത് കൈമാറിയതും റാസയാണെന്ന് മിശ്ര വെളിപ്പെടുത്തി.
നിലവിൽ ബന്ദ ജയിലിൽ കഴിയുന്ന അൻസാരി വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനൽ കേസുകൾ നേരിടുന്നു. ഇതിൽ ആറെണ്ണത്തിൽ ഇയാൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് .