ന്യൂഡൽഹി: വിമാനത്തിൽ യാത്ര ചെയ്ത് എത്തി എടിഎമ്മുകളിൽ കളവ് നടത്തിയ രണ്ട് പേർ പിടിയിൽ. പഞ്ചാബ് സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വ്യത്യസ്തമായ രീതിയിലാണ് ഇവർ മോഷണം നടത്തുന്നത്. അഹമ്മദാബാദിലെ എടിഎമ്മുകളിൽ കവർച്ച നടത്തിയ കേസിലാണ് ഇവർ പിടിയിലായത്. ചണ്ഡീഗഡിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ എത്തിയാണ് ഇരുവരും മോഷണം നടത്തിയത്. 10.72 ലക്ഷം രൂപയോളമാണ് കവർന്നത്.
അമരയ്വാഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എടിഎമ്മിൽ നിന്നാണ് ഇവർ പണം കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത് പണം കവരുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ സമീപത്തായാണ് പ്രതികൾ താമസിച്ചത്. അവരുടെ യഥാർത്ഥ തിരിച്ചറിയൽ രേഖകൾ കൊടുത്താണ് താമസിച്ചിരുന്നത്.
ശേഷം മോഷണത്തിന് ആവശ്യമായ സാധനങ്ങളും പ്രതികൾ സമീപത്ത് തിന്ന് തന്നെ വാങ്ങി. വാടകയ്ക്ക് ഒരു ഇരുചക്ര വാഹനം എടുത്തിരുന്നു. കൂടാതെ മോഷണത്തിന് ആവശ്യമായ ഗ്യാസ് കട്ടറുകളും ഓക്സിജൻ സിലിണ്ടറുകളും വാങ്ങി. അധികം ആരും ശ്രദ്ധിക്കാത്ത ഒരു എടിഎം തിരഞ്ഞെടുത്താണ് മോഷണ് നടത്തിയത്. കവർച്ച നടത്തിയ ശേഷം ഇവർ വിമാനമാർഗ്ഗം തന്നെ ഡൽഹിയിലേയ്ക്ക് പോയി. പലയിടങ്ങളിലായി മോഷണം നടത്തിയതിന് തെളിവുകളുണ്ട്.