ന്യൂഡൽഹി: സ്വച്ഛതാ ഹി സേവാ ക്യാമ്പെയ്നിലാണ് രാജ്യം ഇന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്. ക്യാമ്പെയ്നിൽ ഗുസ്തി താരമായ അങ്കിത് ബയാൻപുരിയയ്ക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുമായുള്ള 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയെ കുറിച്ച് വാചാലനാകുകയാണ് ഗുസ്തി താരം അങ്കിത് ബയാൻപുരി. പ്രധാനമന്ത്രി മോദി തന്റെ ദിനചര്യയെക്കുറിച്ചും ശരീരം നന്നായി നോക്കുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു എന്നാണ് അങ്കിത് പറയുന്നത്.
പ്രധാനമന്ത്രിയെ സന്ദർശിക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും സന്ദേശം അയക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ കാണാനായി എത്തുന്നത്. തനിക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ഉറക്കത്തിന്റെ പ്രശ്നമുണ്ടെന്നും പ്രധാനമന്ത്രി തന്നോട് പറയുകയുണ്ടായി. രാജ്യത്തെ ജനങ്ങൾക്ക് സുഖമായി ഉറങ്ങണമെങ്കിൽ ആരെങ്കിലും ജോലി ചെയ്യേണ്ടിവരുമെന്ന് ഇതിന് മറുപടിയായി ഞാൻ അദ്ദേഹത്തോട് പറഞ്ഞെന്നും അങ്കിത് പറയുന്നു.
“വ്യായാമത്തിനായി നിങ്ങൾ എത്ര സമയം നീക്കിവെയ്ക്കും?” എന്നാണ് പ്രധാനമന്ത്രി എന്നോട് ചോദിച്ചത്. “അധികമില്ല സർ, ഏകദേശം 4-5 മണിക്കൂർ. എന്നാൽ നിങ്ങളെ കാണുമ്പോൾ എനിക്ക് കൂടുതൽ പ്രചോദനവും ഉന്മേഷവും ലഭിക്കുന്നു”. എന്നാണ് ഞാൻ മറുപടി നൽകിയത്. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്… “ഞാൻ അധികം വ്യായാമം ചെയ്യാറില്ല, പക്ഷേ അച്ചടക്കത്തോടെ എല്ലാം ചെയ്യും. എനിക്ക് നിലവിൽ അച്ചടക്കമില്ലാത്ത രണ്ട് കാര്യങ്ങളുണ്ട് – ഒന്ന് എന്റെ ഭക്ഷണത്തിന്റെ സമയമാണ്, മറ്റൊന്ന് എനിക്ക് ഉറക്കത്തിനായി കുറച്ച് സമയം നീക്കിവയ്ക്കേണ്ടതുണ്ട്, അത് എനിക്ക് ചെയ്യാൻ കഴിയാറില്ല”. എന്നാണ് പ്രധാനമന്ത്രി തന്നോട് പറഞ്ഞതെന്ന് അങ്കിത് പറയുന്നു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാൻ ഒരുപാട് നാളായി ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തെ കാണണമെന്ന ആഗ്രഹത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പിഎംഒയ്ക്ക് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എനിക്ക് പിഎംഒയുടെ ഓഫിസിൽ നിന്നും കോൾ വന്നത്. ആദ്യം എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ നിർദ്ദേശ പ്രകാരം ഞാൻ ഡൽഹിയിലെത്തി, ഇന്ന് രാവിലെ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും 30-40 മിനിറ്റ് ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു.-
അങ്കിത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗുസ്തി താരമായ അങ്കിത് ബയാൻപുരിയയ്ക്കൊപ്പം ക്യാമ്പെയ്നിൽ പങ്കെടുത്ത വിവരം പ്രധാനമന്ത്രി തന്നെയാണ് എക്സിൽ പങ്കുവെച്ചത്. ശുചീകരണത്തിലാണ് രാജ്യം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാനും അങ്കിത് ബരിയാൻപുരിയയും അതിനൊപ്പം പങ്കുച്ചേർന്നു. വൃത്തിക്കപ്പുറം ശാരീരിക ക്ഷമതയും ചേർന്നതായിരുന്നു തങ്ങളുടെ യജ്ഞം. സ്വച്ഛ ഭാരതം, സ്വസ്ഥ ഭാരതം എന്ന ആശയത്തിലൂന്നിയതായിരുന്നു കഴിഞ്ഞ പോയ ഒരു മണിക്കൂർ- എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. ഇതിന് പിന്നാലെ അങ്കിതിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ 4.9 ദശലക്ഷം ഫോളോവേഴ്സിനെയാണ് നേടിയത്.