കൊച്ചി: വടക്കൻ പറവൂരിൽ കാർ പുഴയിലേക്കു മറിഞ്ഞ് മരിച്ച യുവ ഡോക്ടർമാരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഡോ. അജ്മൽ, ഡോ. അദ്വൈദ് എന്നിവരാണ് ഗോതുരുത്തിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് 5 അംഗസംഗം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. വടക്കൻ പറവൂർ ഗോതുരുത്തിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദ്യാർത്ഥികൾ ആശുപത്രിവിട്ടതായും പോലീസ് അറിയിച്ചു. നാവിഗേഷൻ മാപ്പ് ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നും മുന്നിൽ വെള്ളക്കെട്ടാണെന്നു കരുതിയാണ് കാർ മുന്നോട്ടെടുത്തതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
അതേസമയം റോഡ് അവസാനിക്കുന്ന സ്ഥലത്ത് പിഡബ്ല്യുഡി സ്റ്റോപ്പർ സ്ഥാപിച്ചു. പ്രദേശം കെട്ടിയടക്കുന്നതിനെതിരെ ബോട്ട് ക്ലബ്ബിന്റെ എതിർപ്പ് നിലനിന്നിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് സ്റ്റോപ്പർ സ്ഥാപിച്ചത്. ബോട്ട് ലീഗ് മത്സരങ്ങൾ തടസ്സപ്പെടുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥിരമായി സ്റ്റോപ്പർ സ്ഥാപിക്കുന്നതിനെ ഇവർ എതിർത്തിയിരുന്നത്. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും ചിറ കെട്ടണമെന്ന ആവശ്യം ശക്തമാക്കുമെന്നും നാട്ടുകാർ പറഞ്ഞു.