ശ്രീനഗർ: ജമ്മു-കശ്മീരിലെ ദരിദ്രരായ വിദ്യാർത്ഥികൾക്ക് മികച്ച പഠനാവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സൈന്യം നടപ്പിലാക്കുന്ന സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം. ഓപ്പറേഷൻ സദ്ഭാവന എന്ന പേരിലാണ് സൈന്യം വിദ്യാർത്ഥികൾക്കായി പ്രത്യേക സ്കോളർഷിപ്പ് നൽകുന്നത്. ജമ്മു- കശ്മീരിലെ വിവിധ ജില്ലകളിൽ നിന്നുള്ള 146 വിദ്യാർത്ഥികളെ ഇതിനോടകം തിരഞ്ഞെടുത്തെന്നും ഇവർക്ക് 1.2 ലക്ഷം രൂപ വീതം വിദ്യാഭ്യാസത്തിനായി ധനസഹായം നൽകുമെന്നും സൈന്യം അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ കഴിവും അർപ്പണബോധവും പുലർത്തുന്ന ദരിദ്രരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പഠനാവശ്യങ്ങൾ നിറവേറ്റുക, സാമ്പത്തികമായി വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം. തുടർന്നുള്ള വിദ്യാർത്ഥികളുടെ ബിരുദ പഠന ചെലവുകൾ സർവകലാശാലകൾ വഹിക്കും. 12 അഫ്ലിയേറ്റഡ് സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥികൾക്ക് തുടർ പഠനങ്ങൾ നടത്താമെന്നും സൈന്യം അറിയിച്ചു.
കുപ്വാര ജില്ലയിൽ നിന്നും 100-ലധികം വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിനായി അപേക്ഷിച്ചത്. ഇതിൽ 34 കുട്ടികളെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരെഞ്ഞെടുക്കുകയും ദുർഗ്മുള്ളയിൽ വെച്ച് നടത്തിയ ‘സെന്റ് ഓഫ്’ പരിപാടിയിൽ ആദരിക്കുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി ആത്മനിർഭർ ഭാരതം കെട്ടിപടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.