തൃശൂർ: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ നടത്തിയ പട്രോളിംഗിൽ പിടിയിലായത് 406 പ്രതികൾ. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ മലപ്പുറം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് വ്യാപക പട്രോളിംഗ് നടത്തിയത്. പിടിയിലായ പ്രതികളിൽ പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളുമുണ്ട്. തൃശൂർ സിറ്റി, റൂറൽ, പാലക്കാട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലായിരുന്നു കോമ്പിംഗ് ഓപ്പറേഷൻ.
ജില്ലാ അതിർത്തികൾ, ബസ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിങ്ങനെ 306 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കൂടാതെ 7608 -ഓളം വാഹനങ്ങളിലും പരിശോധന നടത്തി. ഓപ്പറേഷനിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും പിടികൂടി. പരിശോധനയിൽ 37 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കൂടാതെ 67 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. ഇത് കൂടാതെ 132 അബ്കാരി കേസിലെ പ്രതികൾ, 311 വാറണ്ട് പ്രതികളെയും പിടികിട്ടാപുള്ളികളെയും 95 മറ്റ് പ്രതികളെയും പിടികൂടി.
പെട്രോളിംഗിനായി മൂന്ന് റേഞ്ചിലേയും മുഴുവൻ പോലീസുകാരെയും ഉൾപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥർ 300-ൽപ്പരം ടീമുകളായാണ് പെട്രോളിംഗ് നടത്തിയത്. ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെയും ഭാഗമായി പൊതുജനസുരക്ഷ മുൻനിർത്തിയായിരുന്നു പെട്രോളിംഗ്. ഇത്തരത്തിലുള്ള കോമ്പിംഗ് ഓപ്പറേഷനുകൾ തുടർന്നും നടത്തുമെന്ന് ഡിഐജി എസ് അജിതാ ബീഗം അറിയിച്ചു.