ചെന്നൈ : അടിപിടിക്കേസിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ച നാല് കോളേജ് വിദ്യാർത്ഥികളോട് ഒരാഴ്ചത്തേക്ക് സ്‌കൂൾ ക്ലാസ് മുറികൾ വൃത്തിയാക്കാനും മഹാത്മാഗാന്ധി, കെ കാമരാജ്, ഡോ. എപിജെ അബ്ദുൾ കലാം എന്നിവരുടെ കൃതികളെക്കുറിച്ച് ഉപന്യാസങ്ങൾ എഴുതാനും നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. സ്‌കൂളിലെ ഒരു പരിപാടിയിൽ ഏതു പാട്ടു പാടണം എന്ന തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് അടിപിടിയിലേക്ക് നയിച്ചത്.
സംഭവസമയത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായിരുന്ന നാല് പ്രതികളോടും 1,000 രൂപ വീതം ജാമ്യത്തിനായി കെട്ടി വെക്കാനും ഏർക്കാട് മോണ്ട്ഫോർട്ട് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലെ നാല് ക്ലാസ് മുറികളെങ്കിലും ഒരാഴ്ചത്തേക്ക് വൃത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. സംഭവം നടക്കുമ്പോൾ ഇവർ ഹയർ സെക്കന്ററി വിദ്യാർത്ഥികളായിരുന്നു.
സ്കൂൾ ലൈബ്രറിയിലും ഇ-ലൈബ്രറിയിലും തിരച്ചിൽ നടത്തി പുസ്തകങ്ങൾ വായിക്കാനും അഹിംസയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ഉദ്ധരണികൾ, മുൻ മുഖ്യമന്ത്രി ശ്രീ.കെ.കാമരാജ് പ്രോത്സാഹിപ്പിച്ച വിദ്യാഭ്യാസ പദ്ധതികൾ, ഡോ.അബ്ദുൾ കലാമിന്റെ സ്വപ്നവും ദർശനവും എന്നിവയിൽ ഓരോന്നിലും നാല് പേജിൽ കുറയാതെ കയ്യെഴുത്ത് കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുറിപ്പുകൾ ആ സ്‌കൂളിലെ ഹെഡ് മാസ്റ്റർക്ക് സമർപ്പിക്കാനും ജസ്റ്റിസ് ആർഎംടി ടീക്കാ രാമൻ നാല് വിദ്യാർത്ഥികളോടും നിർദ്ദേശിച്ചു. പ്രതികൾ എഴുതിയ ഉപന്യാസങ്ങൾ സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഒരു വർഷത്തേക്ക് അവിടെ പ്രദർശിപ്പിക്കണമെന്നും ജഡ്ജി നിർദേശിച്ചു.
ഇതുകൂടാതെ കുറിപ്പുകൾ സ്വന്തമായി തയ്യാറാക്കുക തന്നെ ചെയ്യണമെന്നും “ഗൂഗിളിൽ നിന്ന് കോപ്പി പേസ്റ്റ് കട്ട് ചെയ്യുന്നില്ലെന്ന്” ഉറപ്പാക്കാൻ
കൈ കൊണ്ട് തന്നെ എഴുതണമെന്നും കമ്പ്യൂട്ടറിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിലോ ടൈപ്പ് ചെയ്യരുതെന്നും നിർദേശമുണ്ട്. തുടർന്ന് നാല് പേർക്കും ജസ്റ്റിസ് ആർഎംടി ടീക്കാ രാമൻ മുൻകൂർ ജാമ്യം അനുവദിച്ചു .
സ്‌കൂൾ പരിസരത്തോ മറ്റിടങ്ങളിലോ നടത്തുന്ന സാംസ്‌കാരിക പരിപാടികളിൽ ‘കുത്ത്’ പാട്ടുകൾക്ക് നൃത്തം ചെയ്യാൻ സ്‌കൂൾ വിദ്യാർത്ഥികളെ അനുവദിച്ചതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത മദ്രാസ് ഹൈക്കോടതി ജഡ്ജി അത് സ്‌കൂൾ അധികൃതരുടെ മനസ്സാക്ഷിക്ക് വിട്ടു. അത്തരം പരിപാടികളിൽ അത്തരം പാട്ടുകൾ പ്ലേ ചെയ്യുന്നത് ഉചിതമാണോ എന്ന് സ്‌കൂൾ അധികൃതർ ആലോചിച്ചു തീരുമാനിക്കാൻ കോടതി നിർദേശിച്ചു.