കൊല്ലം: പീഡനശ്രമക്കേസിലെ പ്രതി പോലീസിനു പിടികൊടുക്കാതെ മുങ്ങിനടക്കുന്നതിനിടെയിൽ ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ. കൊടുവിള കരാചരുവിൽവീട്ടിൽ ജോമോനാണ് അമളി പറ്റിയത്. അപകടം മനസിലായ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.
കിഴക്കേ കല്ലട സ്വദേശിനിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ജോമോൻ. ഇയാളുടെ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിൻസ്രാജിന്റെ സ്കൂട്ടറിലാണ് പ്രതി കയറിയത്. മറ്റൊരു കേസന്വേഷണത്തിനായി പുറത്തേക്കിറങ്ങിയതായിരുന്നു എസ്.ഐ. വാഹനത്തിൽ കയറി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് തനിക്കു പറ്റിയ അമളി പ്രതി തിരിച്ചറിയുന്നത്. തുടർന്ന് വണ്ടിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഒരു പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു. ശേഷം എസ്.ഐയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.