കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം ജന്മദിനാഘോഷ പ്രഭയിൽ അമൃതപുരി. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്ന് വൈകിട്ടോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
കൊറോണ മൂലം കഴിഞ്ഞ 3 വർഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. അതിനാൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മാതാ അമൃതാനന്ദമയിയുടെ നിരവധി ഭക്തരാണ് ജന്മദിനാഘോഷങ്ങൾക്കായി എത്തിയിരിക്കുന്നത്. ജന്മദിനമായ സെപ്റ്റംബർ 27നാണ് എല്ലാ വർഷവും ആഘോഷമെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ്.
അമൃത വിദ്യാപീഠത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് മാതാ അമൃതാനന്ദമയി എത്തിയപ്പോൾ ഭക്തർ ഭക്തിനിർവൃതിയിലായി. തുടർന്ന് മാതാ അമൃതാനന്ദമയി നൽകുന്ന സന്ദേശങ്ങൾ ഭക്തജനങ്ങൾ കാതോർത്തിരുന്നു. അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അടക്കം പുതിയ സംരംഭങ്ങളുടെ പ്രഖ്യാപനവും പുസ്തക പ്രകാശനങ്ങളും ചടങ്ങിൽ നടന്നു. അമ്മയുടെ ജന്മനാളായ നാളെ രാവിലെ മുതൽ വിപുലമായ പരിപാടികളാണ് നടക്കുക. നാളെ നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളം, തമിഴ്നാട് , തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്ര മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ, കേന്ദ്ര സഹ മന്ത്രിമാരായ അശ്വിനി കുമാർ ചൗ ബേ, വി മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ലോകത്തിലെ പ്രമുഖരായ 70 വ്യക്തികളുടെ ജന്മദിന ആശംസകൾ ആഘോഷവേദിയിൽ പ്രദർശിപ്പിക്കും.