റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഛത്തീസ്ഗഡിൽ. ജഗദൽപൂരിൽ നടക്കുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. എൻഎംഡിസി സ്റ്റീൽ പ്ലാന്റ് ഉൾപ്പെടെ 26,000 കോടി രൂപയുടെ വിവധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
ബസ്തർ ജില്ലാ ആസ്ഥാനത്തെ ലാൽബാഗ് മൈതാനിയിൽ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം. ഇതിന് പിന്നാലെ നഗർനാറിൽ 23,800 കോടിയിലധികം രൂപ ചിലവഴിച്ച് നിർമ്മിച്ച ഗ്രീൻഫീൽഡ് എൻഎംഡിസി സ്റ്റീൽ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും. അന്തഗഢിനും തഡോക്കിക്കുമിടയിൽ പുതിയ റെയിൽ പാതയും ജഗദൽപൂരിനും ദന്തേവാഡയ്‌ക്കും ഇടയിൽ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയും ഉദ്ഘാടനം ചെയ്യും
അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിന് കീഴിൽ ബോറിഡണ്ട്-സൂരജ്പൂർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ തറക്കല്ലിടലും ജഗദൽപൂർ സ്റ്റേഷന്റെ പുനർവികസനവും തഡോക്കി-റായ്പൂർ ഡെമു ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ദേശീയ പാത-43 ന്റെ ജഷ്പൂർ മുതൽ ഛത്തീസ്ഗഡ്-ജാർഖണ്ഡ് അതിർത്തി വരെയുള്ള റോഡ് നവീകരണ പദ്ധതിയും പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമർപ്പിക്കും. തുടർന്ന് ബിജെപിയുടെ പരിവർത്തൻ മഹാസങ്കൽപ് റാലിയെ അഭിസംബോധന ചെയ്യും. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കോൺഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.