തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ വെച്ച് അറസ്റ്റിലായ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയുമായ വിനയനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. ഇന്നലെ നടന്ന റെയ്ഡിൽ നിയമവിരുദ്ധമായി ചീട്ടു കളിച്ച വിനയകുമാറിനെയടക്കം 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമൽ, ശങ്കർ, ശിയാസ്, വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ. അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ ചീട്ടുകളി സംഘത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബ്ബിൽ പണം വച്ചാണ് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. വൈകിട്ട് ഏഴോടെ മ്യൂസിയം പോലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയപ്പോഴാണ് ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍ നിന്നും പണം മടക്കം ഇവരെ പിടികൂടിയത്. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായ വിനയൻ സ്ഥാപനത്തിന്റെ ക്ലബ്ബ് മെമ്പർഷിപ്പ് വെച്ചാണ് റൂം ബുക്ക് ചെയ്തത്. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്നാണ് എം.ഡി എസ്.ആര് വിനയകുമാര്‍ പോലീസിനോട് പറയുന്നത്.