ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലും വിവിധ വികസനപദ്ധതികൾക്ക് അദ്ദേഹം തുടക്കമിടും. ഛത്തീസ്ഗഡിൽ 26000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബസ്തർ ജില്ലയിലെ നഗർനാറിലെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡ്‌സ് ആണ് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടുന്ന വമ്പൻ പദ്ധതി. 23,800 കോടി ചിലവിലാണ് പദ്ധതി ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള സ്റ്റീൽ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രീൻഫീൽഡ് പദ്ധതിയാണിത്. ആയിരക്കണക്കിന് ജനങ്ങൾക്ക് സ്റ്റീൽ പ്ലാന്റിലും അനുബന്ധ വ്യാവസായത്തിലും തൊഴിലവസരങ്ങൾ ലഭിക്കും. ഇത് ബസ്തറിനെ ലോകത്തിന്റെ ഉരുക്ക് ഭൂപടത്തിൽ ഉൾപ്പെടുത്തുകയും മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്യും.
അന്തഗഢിനും തരോക്കിക്കും ഇടയിൽ പുതിയ റെയിൽ പാതയുടെ പണികൾ ആരംഭിക്കും. ജഗദൽപൂരിനും ദന്തേവാരയ്‌ക്കും ഇടയിൽ ഒരു റെയിൽ പാത കൂടി ഉൾപ്പെടുത്തി പാത ഇരട്ടിപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്‌ക്ക് കീഴിൽ വരുന്ന ബോറിഡണ്ട്-സൂരജ്പൂർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെയും ജഗദൽപൂർ സ്റ്റേഷന്റെ പുനർവികസനത്തിന്റെ തറക്കല്ലിടലും നടക്കും.
തരോക്കി – റായ്പൂർ ഡെമു ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്‌ളാഗോഫ് ചെയ്യും. ഈ റെയിൽ പദ്ധതി സംസ്ഥാനത്തെ വനവാസി മേഖലകളിലേയ്‌ക്ക് കൂടിയുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തും. കൂടാതെ പുതിയ ട്രെയിൻ സർവ്വീസുകൾ പ്രദേശവാസികൾക്ക് ഗുണം ചെയ്യും. ഈ പ്രദേശങ്ങളിൽ മികച്ച സാമ്പത്തിക വികസന പദ്ധതികൾക്ക് തുടക്കമാവുകയും ചെയ്യും. എൻഎച്ച്-43 കുങ്കുരി മുതൽ ഛത്തീസ്ഗഡ് – ജാർഖണ്ഡ് ബോർഡർ സെക്ഷൻ വരെയുള്ള റോഡ് നവീകരണ പദ്ധതികളുടെ സമർപ്പണം നടക്കും. ശേഷം അദ്ദേഹം തെലങ്കാനയിലെ നിസാമാബാദ് സന്ദർശിക്കും.
തെലങ്കാനയിൽ വൈദ്യുതി, റെയിൽ, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ 8000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. രാജ്യത്ത് മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമതയോടെ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി എൻടിപിസിയുടെ തെലങ്കാന സൂപ്പർ തെർമൽ പവർ പ്രോജക്ടിന്റെ ഒന്നാം ഘട്ടത്തിലെ ആദ്യ 800 മെഗാവാട്ട് യൂണിറ്റ് രാജ്യത്തിന് സമർപ്പിക്കും. ഇതിലൂടെ തെലങ്കാനയിൽ കുറഞ്ഞ ചിലവിൽ വൈദ്യുതി ലഭ്യമാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഈ പദ്ധതി ഉത്തേജനം നൽകും. രാജ്യത്തെ ഏറ്റവും പരിസ്ഥിതിക്ക് അനുസൃതമായ പവർ സ്റ്റേഷനുകളിൽ ഒന്നായി ഇത് മാറും.
മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. ധർമ്മബാദ് – മനോഹരാബാദ്, മഹബൂബ് നഗർ – കർണൂൽ എന്നിവയ്‌ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതിയ്‌ക്കും തുടക്കമിടും. കൂടാതെ സിദ്ധിപേട്ട് -സെക്കന്തരാബാദ് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. തെലങ്കാനയിലെ ആരോഗ്യ അടിസ്ഥാനപദ്ധതികൾ വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി – ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ സംസ്ഥാനത്തുടനീളമുള്ള 20 ക്രിട്ടിക്കൽ കെയർ ബ്ലോക്കുകളുടെ (സിസിബി) തറക്കല്ലിടും.