തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽ കുമാറിന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണെന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. അദ്ദേഹത്തിന്റെത് വലിയ ഒരു പ്രസംഗമാണ്. അത് എല്ലാം അനുചിതമാണെന്ന് പറയാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്ന സമയത്തുതന്നെ സി.പി.എം. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംങ്ങളുടെ വസ്ത്ര ധാരണ കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസ്ത്ര ധാരണ ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണതെന്നുമാണ് എം.വി. ഗോവിന്ദന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഈ സാഹചര്യത്തിൽ അനിൽ കുമാറിന്റെ പരാമർശം പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ലെന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും പരസ്യമായി അനില്‍കുമാറിന്റെ പരാമര്‍ശം തള്ളികൊണ്ട് എം.വി. ഗോവിന്ദന് പറഞ്ഞു.
നേരത്തെ തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന പരാമർശമാണ് അനില്‍കുമാറിന് വിനയായത്. ഇതോടെ മുന്‍മന്ത്രി കെ.ടി. ജലീല്‍, എ.എം. ആരിഫ് എം.പി. ഇരുവിഭാഗം സമസ്ത നേതാക്കള്‍ തുടങ്ങിയവരെല്ലാം പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം പാർട്ടി തന്നെ നിലപാട് പരസ്യമായി തള്ളി രംഗത്തെത്തിയത്.