കാബൂൾ: വിദ്യ നേടുന്ന പെൺകുട്ടികൾ അഫ്ഗാൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലെന്ന് താലിബാൻ അഫ്ഗാനിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം. എഞ്ചിനീയറിംഗ്, കൃഷി തുടങ്ങിയ ചില കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിനികൾ അന്തസിന് നിരക്കാത്ത കാര്യമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ തത്വത്തിന്റെ വെളിച്ചത്തിലാണ് രാജ്യത്തുടനീളമുള്ള സ്ത്രീകളെ പഠിപ്പിക്കുന്ന മദ്രസകൾ അടച്ചുപൂട്ടിയത്. ആൺകുട്ടികളും പെൺകുട്ടികളും സ്കൂളിൽ ഒന്നിച്ചിരുന്ന് പഠിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തത്. പത്ത് വയസിന് മുകളിലുള്ള ഒരു പെൺകുട്ടിയും സ്കൂളിൽ പഠിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സ്കൂൾ പ്രിൻസിപ്പൽമാരോടും അദ്ധ്യാപകരോടും നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.
ശരിഅത്ത് നിയമപ്രകാരം പുരുഷനാണ് സ്ത്രീയേക്കാൾ ശ്രേഷ്ഠനെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നുമുള്ള വിവാദ പരാമർശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. പാശ്ചാത്യ രാജ്യങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യത പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ രണ്ടും ഒരുപോലെയല്ലെന്നും ഇനി എത്ര ശ്രമിച്ചാലും ഒരുപോലെ ആകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.സ്ത്രീക്കും പുരുഷനും ഇടയിൽ അല്ലാഹു വ്യത്യാസം വരുത്തിയിരിക്കുന്നു. സ്ത്രീകൾക്കെതിരെ താലിബാൻ സർക്കാർ സ്വീകരിച്ച നടപടികളെ ന്യായീകരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.