ന്യൂഡൽഹി: അഭിഭാഷകനെ കുടുക്കാൻ മുറിയിൽ മയക്കുമരുന്ന് നിക്ഷേപിച്ച കേസിൽ വിചാരണയ്‌ക്കെതിരെ ആവർത്തിച്ചുള്ള ഹർജികൾ സമർപ്പിച്ചതിന് ഗുജറാത്ത് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി ചൊവ്വാഴ്ച മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി.
വിചാരണ കോടതി ജഡ്ജിക്കെതിരെ പക്ഷപാതവും അനീതിയും ആരോപിച്ച് അദ്ദേഹം സമർപ്പിച്ച ഹർജികളും സുപ്രീം കോടതി തള്ളി.
ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികളിൽ ഒരു ലക്ഷം രൂപ വീതം ചെലവ് ചുമത്തി. ചെലവ് ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകരുടെ ക്ഷേമനിധിയിലേക്ക് നിക്ഷേപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഇപ്പോഴത്തെ വിചാരണ ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാതം ഉണ്ടെന്ന് ആരോപിച്ച് ബനസ്കന്തയിലെ ഏറ്റവും മുതിർന്ന അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ഒരു ഹർജിയിൽ ഭട്ട് ആവശ്യപ്പെട്ടു.
വിചാരണക്കോടതി നടപടികൾ ഓഡിയോ-വീഡിയോ റെക്കോർഡ് ചെയ്യാൻ നിർദേശിക്കണമെന്നായിരുന്നു മറ്റൊരു ഹർജി. വിചാരണയിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കണമെന്നായിരുന്നു മൂന്നാമത്തെ ഹർജി.
1990ലെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഭട്ട്. 2019 ജൂലൈയിൽ കേസിൽ ശിക്ഷിക്കപ്പെട്ടു.
1996-ൽ ബനസ്‌കന്ത ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്ന കാലത്ത് സഞ്ജീവ് ഭട്ട് രാജസ്ഥാനിലെ അഭിഭാഷകനായ സുമർസിംഗ് രാജ്‌പുരോഹിതിനെ അറസ്റ്റ് ചെയ്തതാണ് കേസിനു ആസ്‍പദമായ സംഭവം. ഈ അഭിഭാഷകൻ താമസിച്ചിരുന്ന പാലൻപൂർ നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയതായി സഞ്ജീവ് ഭട്ട് അന്ന് അവകാശപ്പെട്ടു.
എന്നാൽ രാജസ്ഥാനിലെ പാലിയിൽ സ്ഥിതി ചെയ്യുന്ന തർക്കത്തിലുള്ള ഒരു സ്വത്ത് കൈമാറാൻ നിർബന്ധിക്കുന്നതിനായി സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തിലുള്ള ബനസ്‌കന്ത പോലീസ് രാജ്‌പുരോഹിതിനെ തെറ്റായി കുടുക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ പോലീസ് പിന്നീട് കോടതിയിൽ പറഞ്ഞു. മുൻ പോലീസ് ഇൻസ്‌പെക്ടർ ഐബി വ്യാസ് 1999-ൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. 2018 ജൂണിൽ ഹൈക്കോടതി അന്വേഷണം സംസ്ഥാന സിഐഡിക്ക് കൈമാറുകയും 2018 സെപ്റ്റംബറിൽ ഭട്ടിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിൽ കുട്ടാ വിമുക്‌തനാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പലതലങ്ങളിലുളള കോടതികളെ സഞ്ജീവ് ഭട്ട് സമീപിച്ചിട്ടുണ്ട്.