തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തെക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.
കേരളത്തിൽ വരും ദിവസങ്ങളിലും മഴ കനക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തീരദേശ മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടെ മണിക്കൂറുകളായി മഴ തുടരുകയാണ്. മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
തെക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിനും വടക്കൻ ഛത്തീസ്ഗഡിനും മുകളിൽ ന്യൂനമർദ്ദവും മധ്യ മഹാരാഷ്‌ട്രയ്‌ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് മഴ ശക്തിപ്പെടുന്നതിനുള്ള കാരണം.