ഇസ്ലാമാബാദ്: പാകിസ്താനിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് കളി തടഞ്ഞ് മതനേതാക്കൾ. ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാന്‍ ശ്രമിച്ച ക്രിക്കറ്റ് കളിയാണ് ഇസ്ലാമിസ്റ്റുകൾ തടഞ്ഞത്. ക്രിക്കറ്റിനോട് താല്പര്യമുള്ള നിരവധി പെൺകുട്ടികൾ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തിയിരുന്നു. സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു വേദിയിലെത്തി കളി തടസ്സപ്പെടുത്തിയതെന്നാണ് അന്താരാഷ്ട മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പന്ത്രണ്ട് വയസ്സുകാരി ആയിഷയും പിതാവ് അയാസ് നായികും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമുകളായ ബാബുസായും കബൽ തഹസിലും തമ്മിലായിരുന്നു മത്സരം. മിംഗോറയിലെ സ്റ്റേഡിയം നിർമ്മാണം നടക്കുന്നതിനാലായിരുന്നു താനും മകളും ചില പ്രൊഫഷണൽ വനിതാ കളിക്കാരും ചാർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചതെന്നാണ് അയാസ് നായിക് പറയുന്നത്.
കൗമാരക്കാര പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നത്. സ്വാത്തിലെ നിരവധി വനിതാ ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അയാസ് നായിക് വ്യക്തമാക്കി.
കായിക ഇനങ്ങളിൽ മത്സരിക്കുക എന്നത് അടിസ്ഥാന അവകാശമാണെന്ന് ക്രിക്കറ്റ് കളിക്കാനെത്തിയ പെൺകുട്ടികൾ പറഞ്ഞു. ചിലര്‍ ക്രിക്കറ്റ് കളി തടയാനായി ആയുധങ്ങളുമായാണ് എത്തിയത്. അതിനാൽ ഇവിടത്തെ സ്ഥിതി മോശമായിരുന്നുവെന്ന് ചാര്‍ബാഗിലെ ചാര്‍ബാഗ് തെഹ് സില് ചെയര്മാന് ഇഹ് സാനുള്ള പറഞ്ഞു.
തുറസായ ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി നടക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മതനേതാക്കള്‍ പറഞ്ഞു. ഇമാമുമാര്‍ പിന്നീട് പ്രാദേശിക കൗൺസിലർ ഇഹ്സാനുള്ള കാക്കിയുമായി ബന്ധപ്പെടുകയും ക്രിക്കറ്റ് കളി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.