എറണാകുളം: മലയാറ്റൂർ കോടനാട് യുവാവിനെ കുത്തി കൊന്നു. കാടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോയാണ് (28) മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വാക്കുതർക്കത്തിനിടയിൽ അമ്മാവൻ മരുമകനെ കുത്തുകയായിരുന്നു. കൊലപാതകത്തിൽ മലയാറ്റൂർ ചാക്കെട്ടി കവല പയ്യപ്പിള്ളി വീട്ടിൽ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ടോമിയുടെ പെങ്ങളുടെ മകനാണ് മരിച്ച ടിൻ്റോ. കാലടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ടോമി ജോലി ചെയ്യുന്ന കടയിലേക്കെത്തിയ മരുമകൻ ടിന്റോ ആദ്യം വാക്ക് തര്‍ക്കമുണ്ടാക്കി. പിന്നാലെ കടയും ആക്രമിച്ചു. കടയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ് കട അടിച്ച് തകർക്കുകയായിരുന്നു. ഇതിനിടെ കടയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ടോമി ടിന്റോയെ കുത്തുകയായിരുന്നു. കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ടിന്റോയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോമിയെ കാലടി പോലീസെത്തി അറസ്റ്റ് ചെയ്തു.
28 കാരനായ ടിന്റോ അവിവാഹിതനാണ്. നേരത്തേയും ടോമിയും സഹോദരി പുത്രനായ ടിന്റോയും തമ്മിൽ വാക്ക് തര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കിലും കട ആക്രമിക്കുന്നത് ഇത് ആദ്യമായാണ്. കട അടിച്ച് തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍ പെട്ടന്നുള്ള പ്രകോപനത്തിലാണ് കടയിലെ കത്തിയെടുത്ത് കുത്തിയതെന്നാണ് ടോമി പെോലീസിന് നല്‍കിയിട്ടുള്ള മൊഴി.