തിരുവനന്തപുരം: ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജില്ലയിലെ എല്ലാ ബീച്ചുകളിലേയ്ക്കുമുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് നിർദ്ദേശം.
വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റാനും കളക്ടർ നിർദ്ദേശം നൽകി.
അതേസമയം തലസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് കാലവർഷം ദുർബലമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ പ്രതിക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ഇന്ന് കൂടി പെയ്തേക്കാം. വരുന്ന ആഴ്ചകളിൽ കാലവർഷം തുലാവർഷത്തിലേക്കുള്ള പിന്മാറ്റത്തിന്റെ സൂചനയുണ്ട്.