കൊച്ചി: പരിഷ്കരിച്ച വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ വ്ലോഗർമാർക്കെതിരെ നടപടിയെടുക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്. യൂട്യൂബിലും മറ്റു ഓൺലൈൻ മാധ്യമങ്ങളിലും വ്ലോഗുകൾ പോസ്റ്റ് ചെയ്ത് എൽഇഡി ലൈറ്റുകളുള്ള ബസുകൾ ഉൾപ്പെടെ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചില വ്ലോഗർമാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസിനോടും മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഓഫീസർമാരോടും കേരള ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇത്തരം വാഹനങ്ങളുടെ ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടിയെടുക്കാനും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ , ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
AIS-008-ലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുസ്ഥലത്ത് ഉപയോഗിക്കുന്ന സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണം എന്നും നിർദേശമുണ്ട്.’എജെ ടൂറിസ്റ്റ് ബസ് ലവർ’, ‘നസ്രു വ്ലോഗർ’, നജീബ് സൈനുൽസ്’, ‘മോട്ടോർ വ്ലോഗർ’ തുടങ്ങിയ വ്ലോഗർമാർ യൂട്യൂബിൽ പ്രമോട്ട് ചെയ്യുന്ന ‘രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ’ ഫോട്ടോകളും വീഡിയോകളും കോടതി കണ്ടിരുന്നു.
ഒരു വാഹനത്തിൽ അനധികൃതമായി വരുത്തുന്ന ഓരോ മാറ്റത്തിനും അയ്യായിരം രൂപ വീതം പിഴ ചുമത്താമെന്ന് കോടതി പറഞ്ഞു.
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി വിധി ഉണ്ടായത്.