ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 3.50 ഓടെ ഉത്തരകാശിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
48 മണിക്കൂറിനിടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച പിത്തോർഗഡിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നേപ്പാളിൽ രൂപപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യൻ നഗരങ്ങളിലും അനുഭവപ്പെട്ടു. ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നേപ്പാളിൽ ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് 2.25 ഓടെ രൂപപ്പെട്ട ഭൂചലനത്തിന്റെ 4.6 തീവ്രത രേഖപ്പെടുത്തി. തുടർന്ന് മൂന്ന് ഭൂചലനങ്ങൾ കൂടി അനുഭവപ്പെട്ടു. സിക്കിം പ്രളയത്തിന് കാരണം നേപ്പാൾ ഭൂചലനമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.