തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് ഈ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എംഎൻഎൽപി സ്കൂൾ വെള്ളായണി എന്നീ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാൽ ഈ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.
കോട്ടയം ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു പി എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ പി എസ്., കിളിരൂർ എസ് എൻ ഡി പി എച്ച് എസ് എസ് എന്നീ സ്കൂളുകൾക്കാണ് അവധി.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പ്രത്യേകമായി ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതിശക്തമായ മഴ ലഭിച്ച തിരുവനന്തപുരത്തും മഴയ്ക്ക് ശമനമുണ്ട്. ശക്തമായ മഴ ലഭിച്ച ഇടങ്ങളിലും മലയോരമേഖലകളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.