ന്യൂഡൽഹി: ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ. ഹമാസിന്റെ ആക്രമണത്തെ തന്റെ രാജ്യം ചെറുത്ത് നിർത്തുമെന്ന് നൗർ ഗിലോൺ പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെ ആയിരുന്നുഗിലോണിന്റെ പ്രതികരണം.
ഹമാസിന് ഇസ്രായേൽ ശക്തമായ മറുപടി നൽകും. ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞ് കയറുകയും റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്യുന്നു. യഹൂദന്മാരുടെ അവധിക്കാലത്താണ് ഇത്തരത്തിലൊരു ആക്രമണം നടന്നത്. സ്ഥിതിഗതികൾ വഷളാണെങ്കിലും ഒടുവിൽ ഇസ്രായേൽ ജയിക്കുമെന്നുമാണ് നൗർ ഗിലോൺ കുറിച്ചത്.
തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നുമാണ് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞത്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരുമെന്നുമാണ് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ഇന്ന് രാവിലെ ആരംഭിച്ചത്. ഗാസയുടെ റോക്കറ്റ് ആക്രമണത്തിൽ നാല് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓപ്പറേഷൻ അൽ – അഖ്സ സ്റ്റോം എന്നാണ് ആക്രമണത്തെ ഹമാസ് ഭീകരർ വിശേഷിപ്പിച്ചിരിക്കുന്നത്. യുദ്ധസമാന സാഹചര്യം സംജാതമായതിനെ തുടർന്ന് ഇസ്രായേൽ ‘സ്റ്റേറ്റ് ഓഫ് വാർ’ പ്രഖ്യാപിക്കുകയും ഗാസ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രായേലി പൗരന്മാർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടണമെന്നും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
കരമാർഗവും കടൽമാർഗവും ഹമാസ് ഭീകരർ ഇസ്രയേലിൽ പ്രവേശിച്ചെന്നാണു വിവരം. സെൻട്രൽ ഗാസയിലും ഗാസ സിറ്റിയിലും സ്ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലിലാണ് ഹമാസ് ഭീകരർ നുഴഞ്ഞ് കയറിയത്.